അതിവേഗ ചുവടുകൾ ട്വീറ്റ് ചെയ്ത് ദൂർദർശൻ, ദേശീയ ശ്രദ്ധ നേടി മലയാളി പയ്യൻ

ദൂരദർശൻ അവതരണ സംഗീതത്തിന് അതിവേഗ ചുവടുകളുമായി കയ്യടി നേടുകയാണ് വൈശാഖ് നായർ എന്ന ചെറുപ്പക്കാരൻ. ദൂരദർശന്‍ റീട്വീറ്റ് ചെയ്തതോടെയാണു വൈശാഖിന്റെ ഡാൻസ് ദേശീയ തലത്തിൽ ശ്രദ്ധ നേടിയത്.
അസാമാന്യ മെയ്‌വഴക്കത്തോടെയാണു വൈശാഖ് ദൂരദർശൻ അവതരണ സംഗീതത്തിനു ചുവടുവച്ചത്. ശരീരത്തിലെ ഓരോ അവയവങ്ങൾ ചലിപ്പിച്ചായിരുന്നു ഡാൻസ്. ടിക് ടോകിൽ‌ ചെയ്ത ഈ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. പ്രസാർ ഭാരതിയുടെ ഡയറക്ടർ ജനറൽ സുപ്രിയ സഹു ഐഎഎസ് ട്വിറ്ററിലൂടെ ഈ വിഡിയോ പങ്കുവച്ചു. ഇന്ത്യയുടെ ഹൃദയതാളത്തിന് അതിമനോഹരമായ ചുവടുകൾ എന്നാണു സുപ്രിയ ഇതോടൊപ്പം കുറിച്ചത്. വാട്സാപിൽ നിന്നാണു വിഡിയോ കിട്ടിയതെന്നും വ്യക്തമാക്കി. പിന്നീട് ദൂരദർശന്‍ ഇത് റീട്വീറ്റ് ചെയ്യുകയായിരുന്നു.

‘കുമ്പളങ്ങി നൈറ്റ്സ്’ സിനിമയിൽ കഥാപാത്രങ്ങള്‍ ദൂരദർശൻ സംഗീതത്തിനു ചുവടുവയ്ക്കുന്ന ഒരു രംഗമുണ്ട്. ഇത് അനുകരിച്ചുകൊണ്ടുള്ള നിരവധി വിഡിയോകൾ ടിക് ടോകിൽ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ വൈശാഖിന്റെ മിന്നുന്ന പ്രകടനം കൂട്ടത്തിൽ വ്യത്യസ്തമായി. ദൂരദർശന്‍ റീട്വീറ്റ് ചെയ്തതോടെ ഇതിലും മികച്ച അംഗീകാരം വൈശാഖിനു കിട്ടാനില്ലെന്ന അഭിപ്രായമാണു സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.