കെ ജി എഫ് നായകന്‍ യാഷിന്‍റെ ആരാധകന്‍ തീ കൊളുത്തി മരിച്ചു..!

കന്നഡ സൂപ്പര്‍താരം യാഷിന്‍റെ വീടിന് മുന്നിലാണ് അദ്ദേഹത്തിന്‍റെ 33 പിറന്നാള്‍ ദിനത്തില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.പിറന്നാള്‍ ദിനത്തില്‍ പ്രിയതാരത്തെ കാണുവാന്‍ സാധിക്കാത്ത ദു:ഖത്തില്‍ ആരാധകന്‍ സ്വയം തീ കൊളുത്തുകയായിരുന്നു.സ്വയം തീകൊളുത്തി ഗുരുതരമായി പരിക്കേറ്റ രവി രഘുറാം എന്നയാളെ ബംഗലൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ബുധനാഴ്ചയാണ് മരണം സംഭവിച്ചത്.

യാഷിന്‍റെ 33 മത് ജന്മദിനത്തില്‍ അദ്ദേഹത്തെക്കണ്ട് നേരിട്ട് പിറന്നാള്‍ ആശംസിക്കാന്‍ രവി യാഷിന്‍റെ ബംഗലൂരുവിലെ വീട്ടില്‍ എത്തി.എന്നാല്‍ വീടിന്‍റെ മുന്നില്‍ സുരക്ഷ ജീവനക്കാര്‍ ഇയാളെ തടയുകയും ഇവിടെ യാഷ് ഇല്ലെന്ന് അറിയിക്കുകയുമായിരുന്നു. രവി സുരക്ഷ ജീവനക്കാരോട് അപേക്ഷിച്ചതായി പൊലീസ് പറയുന്നു. പിന്നീട് ഇയാള്‍ ക്ഷുഭിതമായി അവിടെ നിന്നും പിന്‍വാങ്ങി.

കുറച്ച്സമയങ്ങള്‍ക്ക് ശേഷം ഇയാള്‍ ഒരു മണ്ണെണ്ണ ക്യാനുമായി എത്തി മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടന്‍ തന്നെ യാഷിന്‍റെ വസതിക്ക് മുന്നിലുണ്ടായിരുന്നവര്‍ തീ കെടുത്തി ഇയാളെ അംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിക്ടോറിയ ആശുപത്രി അധികൃതരുടെ വാക്കുകള്‍ പ്രകാരം ഇയാളുടെ ശരീരത്തിന്‍റെ 80 ശതമാനവും പൊള്ളലേറ്റിരുന്നു. പൊള്ളലുകള്‍ ഡ്രസ് ചെയ്യുന്ന സമയത്തും തന്നെ കാണുവാന്‍ യാഷ് എത്തില്ലെ എന്ന് ഇയാള്‍ ചോദിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അതേ സമയം ആരാധകന്‍റെ മരണത്തില്‍ അനുശോചിച്ച യാഷ്, കഴിഞ്ഞ ജന്മദിനത്തിന് രവി തന്‍റെ വീട്ടില്‍ വന്നിരുന്നുവെന്നും സെല്‍ഫി എടുത്തിരുന്നു എന്നും അനുസ്മരിച്ചു. ഇത്തരം നടപടികള്‍ ഒരിക്കലും എടുക്കരുതെന്ന് ആരാധകരോട് അപേക്ഷിച്ചിക്കുന്നുവെന്നും യാഷ് പറഞ്ഞു.