ക്ഷമിക്കണം അഭിഷേക് അവരിൽ നിന്ന് കണ്ണെടുക്കാനാവുന്നില്ല; അംബാനിക്കല്യാണമേളത്തിൽ സംഭവിച്ചത്

റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ ആകാശ് അംബാനിയും വജ്രവ്യാപാരി റസൽ മേത്തയുടെയും മോന മേത്തയുടെയും മകൾ ശ്ലോക മേത്തയും തമ്മിലുള്ള വിവാഹച്ചടങ്ങിൽ ഏവരുടെയും ഹൃദയം കവർന്നത് ഒരു സെലിബ്രിറ്റി കിഡ് ആയിരുന്നു. മുൻ ലോകസുന്ദരി ഐശ്വര്യ റായിയുടെയും ബോളിവുഡ് താരം അഭിഷേക് ബച്ചന്റെയും മകൾ ആരാധ്യ.

ബിടൗണിലെ ഒട്ടുമിക്ക സെലിബ്രിറ്റികളും സകുടുംബം പങ്കെടുത്ത ചടങ്ങിൽ അമ്മ ഐശ്വര്യയ്ക്കും അച്ഛൻ അഭിഷേകിനുമൊപ്പം പിങ്ക് ലെഹങ്കയിൽ സുന്ദരിയായാണ് ആരാധ്യയെത്തിയത്. കടും നീലയിൽ സിൽവർ വർക്കുള്ള ലെഹംഗയണിഞ്ഞ് ഐശ്വര്യ തിളങ്ങിയപ്പോൾ പേസ്റ്റൽ പിങ്ക് ലെഹങ്കയണിഞ്ഞാണ് ആരാധ്യ താരമായത്.

അതിസുന്ദരമായി ചിരിച്ചുകൊണ്ട് ആത്മവിശ്വസത്തോടെ ക്യാമറകളെ അഭിമുഖീകരിക്കുന്ന ആരാധ്യയാണ് ഇക്കുറി ശ്രദ്ധാകേന്ദ്രമായത്. ചല ചിത്രങ്ങളിൽ ഫോട്ടോയ്ക്കായി പോസ് ചെയ്യുമ്പോൾ അമ്മ ഐശ്വര്യയെ പാളിനോക്കുന്ന കുസൃതിക്കാരിയായ ആരാധ്യയെയും കാണാം.രണ്ടു സുന്ദരിപ്പെൺകുട്ടികളുടെ അരികിൽ നിൽക്കുന്നതുകൊണ്ട് അഭിഷേകിനെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല എന്ന ക്ഷമാപണത്തോടെയാണ് ആരാധകർ ഇവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്.