‘പേട്ട’യോ ‘വിശ്വാസ’മോ കളക്ഷനില്‍ മുന്നില്‍? ആദ്യ രണ്ട് ദിനങ്ങളില്‍ നേടിയത്

ഇത്തവണത്തെ ആഘോഷത്തിന് മാറ്റുകൂട്ടാനായാണ് തലയും തലൈവരും വന്നത്.സമീപവര്‍ഷങ്ങളിലെ ഏറ്റവും വലിയ ബോക്‌സ്‌ഓഫീസ് ‘യുദ്ധ’ത്തിനാണ് കോളിവുഡ് സിനിമ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. രജനീകാന്തിന്റെ കാര്‍ത്തിക് സുബ്ബരാജ് ചിത്രം ‘പേട്ട’യും അജിത്തിന്റെ സിരുത്തൈ ശിവ ചിത്രം ‘വിശ്വാസ’വും. വിന്റേജ് രജനീകാന്തിനെ ഏറെക്കാലത്തിന് ശേഷം സ്‌ക്രീനില്‍ എത്തിച്ചെന്ന് അഭിപ്രായമുയര്‍ന്ന പേട്ടയ്ക്കാണ് അജിത്ത് ചിത്രത്തേക്കാള്‍ മൗത്ത് പബ്ലിസിറ്റി കൂടുതല്‍. എന്നാല്‍ ബോക്‌സ്‌ഓഫീസിലും പേട്ട തന്നെയാണോ മുന്നില്‍? അതോ ‘തല’യാണോ ‘തലൈവരേ’ക്കാള്‍ വലിയ ക്രൗഡ് പുള്ളര്‍?

ഇതുവരെ പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴ്‌നാട്ടില്‍ രജനിയുടെ പേട്ടയേക്കാള്‍ ഇനിഷ്യല്‍ കളക്ഷനില്‍ മുന്നിലുള്ളത് അജിത്തിന്റെ വിശ്വാസമാണ്.ആദ്യ ദിനം തമിഴ് നാട്ട് ബോക്സ് ഓഫീസില്‍ നിന്നും വിശ്വാസം നേടിയത് 26.7കോടി കളക്ഷന്‍ ലഭിച്ചു. അജിത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഇനിഷ്യല്‍ കളക്ഷന്‍ ആണിത്. എന്നാല്‍ രജനി ചിത്രം പേട്ട തമിഴ് നാട് ബോക്സ് ഓഫീസില്‍ നിന്നും നേടിയത് 23 കോടി രൂപയാണ്.

ലോകമെമ്പാടും നിന്നും പേട്ട ആദ്യ ദിനം സ്വന്തമാക്കിയത് 48 കോടിയാണ്. വിശ്വാസമാകട്ടെ 43 കോടിയാണ് നേടിയത്. ചെന്നൈയടക്കമുള്ള നഗരങ്ങളിലും മള്‍ട്ടിപ്ലെക്‌സുകളിലും രജനിയുടെ പേട്ടയ്ക്കാണ് തിരക്ക് കൂടുതല്‍. അതേസമയം ഗ്രാമങ്ങളിലെ സിംഗിള്‍ സ്‌ക്രീനുകളുടെ താരം അജിത്ത് തന്നെയാണ് മുന്നില്‍.