മമ്മൂട്ടി സാറിന് അപ്പോൾ ഈഗോ കാണിക്കാമായിരുന്നു, പക്ഷേ: സാധന..!

പേരൻപ് എന്നാൽ വലിയ സ്നേഹമെന്നാണ് അർഥം. അച്ഛൻ–മകൾ സ്നേഹത്തിന്റെ കഥ പറയുന്ന പേരൻപ് തീയറ്ററുകളിൽ നിറഞ്ഞോടുകയാണ്. സിനിമയിൽ മമ്മൂട്ടിയോടൊപ്പം തന്നെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ് സാധന വെങ്കിടേശ് എന്ന പതിനാറുകാരി പെൺകുട്ടി. സംവിധായകൻ റാമിനൊപ്പമുള്ള സാധനയുടെ രണ്ടാമത്തെ ചിത്രമാണ് പേരൻപ്.
പേരൻപ് എന്ന ചിത്രത്തില്‍ മമ്മൂക്കക്കൊപ്പമുള്ള അനുഭവത്തെക്കുറിച്ച് സാധന മനസ്സ് തുറക്കുന്നു.

കേവലം ഒരു ചിത്രംമാത്രം ചെയ്ത അനുഭവവും കൊണ്ടാണ് നാനൂറോളം സിനിമകളിൽ അഭിനയിച്ച ഒരു പ്രതിഭയ്ക്കൊപ്പം ഞാൻ അഭിനയിക്കാൻ എത്തുന്നത്. എന്റെ ജീവിതത്തിൽ എന്തൊക്കെയാണ് വന്നുചേർന്നിരിക്കുന്നതെന്ന അദ്ഭുതമായിരുന്നു ആദ്യം. സിനിമയോടും കഥാപാത്രത്തോടും അദ്ദേഹം പുലർത്തുന്ന ആത്മാർഥത എന്നെ അമ്പരപ്പിച്ചു.വികാരനിർഭരമായ രംഗങ്ങളിൽ അദ്ദേഹത്തിന്റെ കവിളിലെ പേശികൾ പോലും അഭിനയിക്കുന്നുണ്ടെന്ന് തോന്നിപ്പോയി. അമുദനായി അദ്ദേഹം ക്യാമറയ്ക്ക് മുന്നിൽ ജീവിക്കുകയായിരുന്നു. എടുത്ത രംഗങ്ങൾ പിന്നീട് സ്ക്രീനിൽ കാണുമ്പോഴാണ് എത്രമാത്രം ആത്മസമർപ്പണം ഓരോ രംഗത്തിലും നൽകിയിട്ടുണ്ടെന്ന് മനസ്സിലായത്.

എന്നെ അദ്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം അദ്ദേഹത്തിന്റെ താഴ്മയാണ്. സിനിമയുടെ ട്രെയിലറിൽ അമുദവൻ മകളുടെ ചേഷ്ടകൾ അനുകരിക്കുന്ന ഒരു രംഗമുണ്ട്. അത് ചെയ്യുന്ന സമയം റാം സർ,എന്നോട് എങ്ങനെയാണ് പാപ്പ നടക്കുന്നതെന്നും മുഖംവെയ്ക്കുന്നതെന്നും മമ്മൂട്ടി സാറിന് കാണിച്ചുകൊടുക്കാൻ പറഞ്ഞു.

ഞാൻ എങ്ങനെ അത് പറഞ്ഞുകൊടുക്കും. അദ്ദേഹം എന്ത് ചിന്തിക്കുമെന്ന ആശങ്ക എനിക്കുണ്ടായിരുന്നു. എന്റെ അവസ്ഥ മനസ്സിലായതുകൊണ്ടാകാം, മമ്മൂട്ടി സാർ ഇങ്ങോട്ട് വന്ന് പാപ്പ നടക്കുന്നതൊക്കെ എങ്ങനെയാണെന്ന് കാണിച്ചുതരാമോയെന്ന് ചോദിക്കുകയായിരുന്നു.

ഇത്രയും അനുഭവസമ്പത്തുള്ള ഒരാൾക്ക് വേണമെങ്കിൽ ഈഗോ കാണിക്കാവുന്ന നിമിഷമായിരുന്നു അത്. എന്നെപ്പോലെയൊരു ചെറിയകുട്ടിയോട് ചോദിക്കാൻ പറ്റില്ല എന്ന് അദ്ദേഹത്തിന് വേണമെങ്കിൽ പറയാമായിരുന്നു. പക്ഷെ ഓരോന്നു ചോദിച്ച് മനസിലാക്കി റാം സാറിന് തൃപ്തിയാകുന്നിടം വരെ അദ്ദേഹം ആ രംഗം എടുക്കാനുള്ള മനസ്സ് കാണിച്ചത് അത്ഭുതപ്പെടുത്തി.